Thursday, 19 April 2018

TODAY NEWS

സിബിഐ ജഡ്ജി ലോയയുടെ മരണത്തിൽ മുംബൈ അഭിഭാഷക അസോസിയേഷന്‍ സുപ്രിം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കും. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളിയ സാഹചര്യത്തിലാണ് അസോസിയേഷന്റെ തീരുമാനം. ഇന്ത്യക്കാർ ബുദ്ധിയുള്ളവർ ആണ് എന്നും സത്യം എന്താണ് എന്നത് അവർക്ക് മനസ്സിൽ ആകുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സുപ്രിം കോടതി വിധി നിരാശജനകമാണെന്നും ഗൂഢ ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ ആയിരുന്നു സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നൽകിയത് എന്നും മുംബൈ അഭിഭാഷക അസോസിയേഷൻ പ്രതികരിച്ചു. ഗൂഢലക്ഷ്യമുള്ള ഹര്‍ജികള്‍ നിരുത്സസാഹപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടാണ് സുപ്രീം കോടതി ഹരജി തള്ളിയതു.
ഈ സാഹചര്യത്തിൽ പുനഃപരിശോധന ഹരജി നൽകുമെന്നും അസോസിയേഷൻ വ്യക്തമാക്കി. ഇന്ത്യാക്കാർ ബുദ്ധിയുള്ളവർ ആണ് എന്നും സത്യം എന്താണ് എന്നത് അവർക്ക് മനസ്സിൽ ആകുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയില്‍ നിന്നുള്ളവരടക്കം അമിത് ഷായെ കുറിച്ചുള്ള സത്യം മനസിലാക്കുന്നുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. വിധിയെ ബിജെപി കഴിഞ്ഞ ദിവസ്മ സ്വാഗതം ചെയ്തിരുന്നു. വസ്തുതകൾ ഒന്നും പറയാൻ ഇല്ലാത്ത കോണ്‍ഗ്രസ് രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷഅം സൃഷ്ടിക്കുകയാണ് എന്നും ബിജെപി പ്രതികരിച്ചു


NEWS ONLY

✍🏻 പാലക്കാട് നിര്‍ദിഷ്ട ഐഐടിക്കായി 44 ഏക്കറിലധികം സ്വകാര്യ ഭൂമി‍, ഭൂനിയമപ്രകാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. നേരത്തെ 324 ഏക്കറോളം സ്വകാര്യഭൂമി കളക്ടറുടെ ഒത്തുതീര്‍പ്പില്‍ ഏറ്റെടുത്തിരുന്നു. കളക്ടറുടെ ഒത്തുതീര്‍പ്പിന് വഴങ്ങാതെ കോടതിയെ സമീപിച്ച പത്തോളം കുടുംബങ്ങളുടെ ഭൂമിയാണ് ഭൂനിയമം 2013 പ്രകാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ഭൂമി വിട്ടുനല്‍കിയവര്‍ കോടതിയെ സമീപിച്ചാല്‍ ഐഐടി ഭൂമി ഏറ്റെടുക്കല്‍ വീണ്ടും പ്രതിസന്ധിയിലാവും.
പാലക്കാട് പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ 44.35 ഏക്കര്‍ സ്വകാര്യ ഭൂമിയാണ് ഭൂമി ഏറ്റെടുക്കല്‍ 2013 ആക്ട് പ്രകാരം ഏറ്റെടുക്കാന്‍ ഉത്തരവായിരിക്കുന്നത്. നിയമപ്രകാരം ഭൂമി ഏറ്റെടുക്കല്‍ സുതാര്യമാവണം. ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കണം. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണം, എന്നിങ്ങനെയാണ് ചട്ടങ്ങള്‍.
ജില്ലാ കളക്ടറുടെ ഇടപെടലില്‍ നേരത്തെ 324.74 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടിയില്ലെന്ന ആരോപണത്തിനു പിന്നാലെയാണ് പത്തോളം കുടുംബങ്ങളുടെ മാത്രം ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാവുന്നത്. പ്രദേശത്തെ സാധാരണക്കാര്‍ക്ക് ഭൂമിയുടെ ന്യായവില പോലും കിട്ടിയില്ലെന്ന ആക്ഷേപമുയര്‍ന്നിരുന്നു.
ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം പ്രദേശത്ത് സോഷ്യല്‍ ഇംപാക്ട് അസസ്‍മെന്റ് പഠനം നടത്തിയിരുന്നു. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതിയെ റിപ്പോര്‍ട്ട് വിലയിരുത്താന്‍ നിയോഗിച്ചിരുന്നു. വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ പിന്നീട് കലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുക‌യായിരുന്നു. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ച് ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവായിരിക്കുന്നത്.
ഐഐടി പാലക്കാട് ക്യാമ്പസിനായി ആകെ 504.54 ഏക്കറാണ് ഭൂമി ഏറ്റെടുക്കേണ്ടത്. സ്വകാര്യ വ്യക്തികളുടെ ബാക്കിയുള്ള ഭൂമി കൂടി ഏറ്റെടുത്തു കഴിഞ്ഞാല്‍ വനം വകുപ്പിന്റെ ഭൂമി ബാക്കിയുണ്ടാകും. വനം വകുപ്പിന്റെ 44.81 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തീരുമാനമായില്ല.

NEWS ONLY

✍🏻 തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ താനൂരിലുണ്ടായ അക്രമങ്ങളുടെ പേരില്‍  വര്‍ഗീയ പ്രചാരണം ശക്തം. ഒരു വിഭാഗത്തിന്റെ കടകള്‍ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഹര്‍ത്താലിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ എല്ലാ വിഭാഗത്തിലുംപെട്ടവരുടെതുമായി 19 കടകള്‍  ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത് മറച്ചുവെച്ചാണ് രാജ്യവ്യാപകമായ വിദ്വേഷ പ്രചാരണം നടക്കുന്നത്.
തിങ്കളാഴ്ച നടന്ന ഹര്‍ത്താലില്‍ താനൂരിലെ 19 വ്യാപാര സ്ഥാപനങ്ങളാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ കെ ആര്‍ ബേക്കറിയും ഒരു പടക്കക്കടയും ചൂണ്ടിക്കാട്ടി ഒരു വിഭാഗത്തിനെതിരെ വര്‍ഗീയമായ ആക്രമണം നടന്നുവെന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളിലുണ്ടായി. മന്ത്രി കെ ടി ജലീല്‍ താനൂരിലെത്തി നടത്തിയ പ്രസ്താവനയും ഒരു വിഭാഗത്തിന്‍റെ സ്ഥാപനങ്ങള്‍ മാത്രം ആക്രമിക്കപ്പെട്ടു എന്ന പ്രതീതിയുണ്ടാക്കി.
എന്നാല്‍ ആക്രമിക്കപ്പെട്ട സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ തേടിയ മീഡിയാവണ്‍ വാര്‍ത്താസംഘത്തിന് ലഭിച്ച വിവരം മറ്റൊന്നായിരുന്നു. 19 ല്‍ 13 സ്ഥാപനങ്ങളും മുസ്ലിം വിഭാഗത്തില്‍ പെട്ടവരുടെ ഉടമസ്ഥതയിലുള്ളതാണ്. ആറെണ്ണമാണ് ഹിന്ദുവിഭാഗത്തില്‍ പെട്ടവരുടെ ഉടമസ്ഥതയിലുള്ളത്. ആക്രമിക്കപ്പെട്ട പടക്കക്കട ബിജെപി പ്രാദേശിക നേതാവിന്റേതാണെങ്കില്‍ മംഗല്യ സാരീസ് എന്ന സ്ഥാപനം മുസ്ലിംലീഗ് മുനിസിപ്പല്‍ പ്രസിഡണ്ടിന്‍റേതാണ്.
*കെ.ആര്‍ ബേക്കറി കുത്തിത്തുറന്ന് കൊള്ളയടിച്ചവര്‍ പ്രദേശത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി സംരക്ഷിക്കുന്ന ക്രിമിനല്‍ സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.*





NEWS ONLY

✍🏻 ദേശീയ പാതക്ക് വേണ്ടി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് പൊന്നുംവില നല്‍കുമെന്ന കോഴിക്കോട് കളക്ടറുടെ ഉറപ്പനുസരിച്ച് പണം നല്‍കാനാവില്ലെന്ന് ദേശീയ പാത അതോറിറ്റി. കളക്ടര്‍ യുവി ജോസ് മാര്‍ച്ച് രണ്ടാം തീയതി ഭൂവുടമകള്‍ക്ക് എഴുതി നല്‍കിയ ഉറപ്പ് നിയമപരമല്ലെന്നാണ് വാദം. അഴിയൂര്‍,ഒഞ്ചിയം വില്ലേജില്‍പെട്ട ഭൂവുടമകള്‍ക്ക് സെന്റൊന്നിന് അഞ്ചര ലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെ നല്‍കുമെന്നായിരുന്നു കളക്ടറുടെ ഉറപ്പ്.
സ്ഥലം ഏറ്റെടുക്കാന്‍ പറ്റാത്ത തരത്തില്‍ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ സമരക്കാര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കിയത്.അഴിയൂര്‍ , ഒഞ്ചിയം വില്ലേജില്‍‌പെട്ട ഭൂമി നഷ്ടപ്പെടുന്നവരോട് ഒരു സെന്റ് കരഭൂമിക്ക് അഞ്ചരലക്ഷം മുതല്‍ ആറ് ലക്ഷം രൂപവരെ നല്‍കുമെന്ന് എഴുതി നല്‍കി.വയലുകള്‍ക്ക് സെന്റൊന്നിന് നാലരലക്ഷം രൂപ വരെ നല്‍കുമെന്നായിരുന്നു ഉറപ്പ് .കാലപ്പഴക്കം പരിഗണിക്കാതെ കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും വിശ്വസിപ്പിച്ചു. അതിനിടെ സമരസമിതി വിവരവകാശ നിയമപ്രകാരം ദേശീയ പാത അതോറിറ്റിയോട് കളക്ടറുടെ ഉറപ്പിന് നിയമസാധുതയുണ്ടോയെന്ന് ചോദിച്ചു, ഇല്ലായെന്നായിരുന്നു മറുപടി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് വില സംബന്ധിച്ച ഉറപ്പുകള്‍ നല്‍കിയെതന്നാണ് കളക്ടറുടെ വിശദീകരണം. മറ്റ് പല പ്രദേശങ്ങളിലുള്ളവര്‍ക്കും സമാന ഉറപ്പ് റവന്യൂ അധികൃതര്‍ നല്‍കിയിട്ടുണ്ട്.




NEWS ONLY

✍🏻 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ എടിഎമ്മുകളിലെ കറന്‍സി ക്ഷാമം തുടരുന്നു എന്നത് തെറ്റായ വാര്‍ത്തയെന്ന് സര്‍ക്കാര്‍. 80 ശതമാനം എടിഎമ്മുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിയെന്നാണ് സര്‍ക്കാര്‍ വാദം.അതേസമയം മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാത്തതുകൊണ്ടാണ് പ്രശ്നം പരിഹരിച്ചെന്ന് അവകാശപ്പെടുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
*എടിഎമ്മുകളിലെ കറന്‍സി ക്ഷാമം ഏറെക്കുറെ പരിഹരിച്ചുകഴിഞ്ഞെന്നാണ് സര്‍ക്കാര്‍ വാദം. ഇനിയും കറന്‍സി ക്ഷാമമുണ്ടെന്നത് തെറ്റായ വാര്‍ത്തയാണ്.
ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ചിലരുടെ ശീലമാണെന്നുമായിരുന്നു ധനകാര്യ സഹമന്ത്രി ശിവ പ്രസാദ് ശുക്ലയുടെ പ്രതികരണം. പ്രശ്നം പരിഹരിക്കപ്പെട്ടതായും 86 ശതമാനം എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എസ്ബിഐ അറിയിച്ചു. മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാത്തതുകൊണ്ടാണ് പ്രശ്നം പരിഹരിച്ചെന്ന് അവകാശപ്പെടുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.എല്ലായിടത്തും പണമില്ലെന്ന ബോര്‍ഡാണ് കാണുന്നത്. മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാത്തതുകൊണ്ടാണ് കാണാത്തത്.*
അതിനിടെ കറന്‍സി ക്ഷാമം ദൈനംദിന ജീവിതം തകിടം മറിച്ചതായാണ് ഗ്രാമീണ മേഖലകളില്‍ നിന്നുള്ള പ്രതികരണം. പ്രശ്നം ഉടെന്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അറിയിച്ചു.


NEWS ONLY

✍🏻 ഇരുണ്ട കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് കവി സച്ചിദാനന്ദന്‍. സംസ്കാരം, ജാതി, മതം എന്നിവയുടെ പേരില്‍ ജനങ്ങള്‍ അക്രമത്തിന് ഇരയാകുന്നു.
അക്രമങ്ങള്‍ക്ക് എതിരെ ഭരണകൂടത്തിന്റെ മൌനം ഭയപ്പെടുത്തുന്നെന്നും സച്ചിദാനന്ദന്‍ മീഡിയവണിനോട് പറഞ്ഞു. കത്വാ പെണ്‍കുട്ടിയുടെ ഓര്‍മയ്ക്കായി എഴുതിയ ബാബയ്ക്ക് ഒരു കത്ത് എന്ന കവിത എഴുതാനുള്ള പശ്ചാത്തലം വെളിപ്പെടുത്തുകയായിരുന്നു കവി. നാട്ടില്‍ വിദ്വേഷം പരത്തുന്നത് ഹിന്ദുത്വ വാദമാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരില്‍ നടക്കുന്ന അക്രമങ്ങളില്‍ ഇന്ത്യയില്‍ ഉള്ള എല്ലാ മനുഷ്യരും അസ്വസ്ഥരാണ്. വലിയ അക്രമങ്ങള്‍ നടത്താന്‍ രാജ്യം ഭരിക്കുന്നവര്‍ മൌനാനുവാദം നല്‍കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതാണ് അവസ്ഥ. ജമ്മുകശ്മീരിലെ സംഭവത്തില്‍ വ്യക്തമായ മതമുണ്ട്. മത സങ്കല്‍പം ആണ് അക്രമത്തിന് പിന്നിലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.


NEWS ONLY

✍🏻 വ്യത്യസ്തമായ പ്രചാരണ പരിപാടികളാണ് സിപിഐ ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കൊല്ലം നഗരത്തില്‍ നടത്തിയ ചായക്കട ചര്‍ച്ചയും അത്തരത്തിലൊന്നായിരുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവര്‍ ചായക്കട ചര്‍ച്ചയുടെ ഭാഗമായി.
പട്ടികജാതി പീഡന നിരോധന നിയമത്തിലെ ഭേദഗതികളെ കുറിച്ചായിരുന്നു ചര്‍ച്ച. പരിപ്പുവടക്കും കട്ടന്‍ചായക്കും പുറമേ നാട്ടിന്‍പുറങ്ങളിലെ ഇഷ്ടപലഹാരങ്ങളും ചര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്നു. ഓലയും പുല്ലും കൊണ്ട് നിര്‍മിച്ച ചായക്കടയില്‍ നടന്ന ചര്‍ച്ചക്ക് സിപിഐ നേതാവ് മുല്ലക്കര രത്നാകരനാണ് നേതൃത്വം നല്‍കിയത്.
ഫാസിസം പിടിമുറുക്കിയ കാലത്ത് നിയമത്തിലുണ്ടായ ഭേദഗതിയെക്കുറിച്ച ആശങ്കകള്‍ മുല്ലക്കര രക്നാകരന്‍ പങ്ക് വെച്ചപ്പോള്‍ ബിജെപി സര്‍ക്കാരിന്റെ ദലിത് സ്നേഹം കപടകയാണെന്ന ആരോപണമാണ് ഡിസിസി പ്രസിഡണ്ട് ബിന്ദുകൃഷ്ണ ഉയര്‍ത്തിയത്.
കോടതി വിധികള്‍ ജഡ്ജിമാരുടെ വിധികളായി മാത്രം കണ്ടാല്‍ മതിയെന്നും അതിന് പവിത്രത കല്പിക്കപ്പെടുന്നതാണ് പ്രശ്നമെന്നും അഭിപ്രായപ്പെട്ട സിപിഎം നേതാവും എംഎല്‍എയുമായ എം നൌഷാദിന് കോടതികളെക്കുറിച്ച് വിമര്‍ശനം മാത്രമാണ് ഉണ്ടായിരുന്നത്.
 എന്തായാലും ചായക്കടകളിലും ബാര്‍ബര്‍ഷോപ്പുകളിലും രാഷ്ട്രീയം പറയുന്ന കാലം തിരിച്ചുവരണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല.





NEWS ONLY

✍🏻 മലപ്പുറം ജില്ലയില്‍ ദേശീയപാതക്കായി സ്ഥലമെടുപ്പിനുള്ള സര്‍വേ ഇന്ന് പൂര്‍ത്തിയാകും. കുറ്റിപ്പുറം-പൊന്നാനി റീച്ചിലെ അവസാന രണ്ടര കിലോമീറ്ററിലാണ് ഇന്ന് സര്‍വേ നടക്കുക. കുറ്റിപ്പുറം- ഇടിമുഴീക്കല്‍ റീച്ചിലും കുറ്റിപ്പുറം- പൊന്നാനി റീച്ചിലുമായി രണ്ട് ഘട്ടങ്ങളിലായാണ് മലപ്പുറത്തെ ദേശീയപാതാ സ്ഥലമെടുപ്പിനുള്ള സര്‍വേ നടന്നത്.കുറ്റിപ്പുറം-ഇടിമുഴീക്കല്‍ റീച്ചിലെ 54 കിലോമീറ്ററിലെ സര്‍വേ മാര്‍ച്ച് 19നാണ് ആരംഭിച്ചത്. ജനവാസ കേന്ദ്രങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷയോടെ ആയിരുന്നു സര്‍വേ.
എ.ആര്‍ നഗറിലും ചേലേമ്പ്രയിലും പ്രതിഷേധം ഉയര്‍ന്നതിനാല്‍ ഈ ഭാഗങ്ങള്‍ ഒഴിവാക്കിയായിരുന്നു സര്‍വേ. സമരസമിതിയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അലൈന്‍മെന്റ് മാറ്റം സര്‍ക്കാര്‍ അംഗീകരിച്ചതോടെ എ.ആര്‍ നഗറിലും ചേലേമ്പ്രയിലുമായി ബാക്കിവെച്ച രണ്ടര കിലോമീറ്റര്‍ ഭാഗം ഇന്നലെ പൂര്‍ത്തിയാക്കി. കുറ്റിപ്പുറം- പൊന്നാനി റീച്ചില്‍ 24 കിലോമീറ്ററാണ് ആകെ ദൂരം. ഇതില്‍ രണ്ടര കിലോമീറ്ററാണ് ഇനി ബാക്കിയുള്ളത്. ഈ രണ്ടര കിലോമീറ്ററില്‍ ഇന്ന് സര്‍വേ പൂര്‍ത്തിയാകും. 2018 ലെ അലൈന്‍മെന്റ് പ്രകാരമാണ് രണ്ടിടത്തും സര്‍വേ നടത്തിയത്.
അലൈന്‍മെന്റ് സംബന്ധിച്ച് പരാതി ഉയര്‍ന്ന ഭാഗങ്ങളില്‍ ബദല്‍ അലൈന്‍മെന്റ് പരിശോധിച്ച് ദേശീയ പാത അതോറിറ്റിയുടെ കൂടി അനുമതിയോടെ പിന്നീട് സര്‍വേ നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. സര്‍വേ കഴിഞ്ഞ ഭാഗങ്ങളില്‍ കെട്ടിടങ്ങളുടെയും മറ്റും നഷ്ടം സംബന്ധിച്ച കണക്കെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. സ്ഥലമെടുപ്പ് സംബന്ധിച്ച് രണ്ടായിരത്തിലധികം പരാതികളാണ് ലഭിച്ചത്. ഇതു സംബന്ധിച്ച തെളിവെടുപ്പും നടക്കുന്നുണ്ട്. ഒക്ടോബര്‍ 31നകം നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാനും നവംബര്‍ ആദ്യ ആഴ്ചയില്‍ നിര്‍മാണ ജോലികള്‍ ആരംഭിക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം.


NEWS ONLY

✍🏻 അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഡിവൈഎസ്‍പി ടി കെ സുബ്രഹ്മണ്യന് തൃശൂര്‍ സ്പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ  സ്ഥലം മാറ്റിയത്.
*മോഷണ കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ അന്വേഷണം അവസാനഘട്ടത്തിലാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‍പി ടി കെ സുബ്രഹ്മണ്യനെ സ്ഥലം മാറ്റിയത്. എഎസ്‍പി
റാങ്കിലുള്ള സുജിത് ദാസിനാണ് പകരം അന്വേഷണചുമതല. എട്ട് പേരാണ് അന്വേഷണ സംഘത്തിലുള്ളത്.*
കഴിഞ്ഞ മാസമാണ് മധുവിനെ മോഷണ കുറ്റം ആരോപിച്ച് മുക്കാലിയില്‍വെച്ച് ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ 16 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. എട്ട് പേര്‍ക്കെതിരെ കൊല കുറ്റം ചുമത്തി. മധുവിനെ മര്‍ദ്ദിക്കുന്നത് പകര്‍ത്തിയ 5 മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്ന മുറയ്ക്കായിരിക്കും കുറ്റപത്രം പൂര്‍ത്തിയാവുക‌. ഇതിനിടെയാണ് അന്വേഷ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.


NEWS ONLY

✍🏻 കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ലയനത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. നിലവിലുള്ള 60 ജനറല്‍ സെക്രട്ടറിമാരെ 25ആയി വെട്ടിച്ചുരുക്കിയേക്കും ഉന്നതാധികാര സമിതിയിലും ചില അഴിച്ചുപണികള്‍ നടക്കും. മാണിവിഭാഗവും ജോസഫ് വിഭാഗവും പ്രാതിനിധ്യം ഉറപ്പാക്കാന്‍ സ്രമങ്ങള്‍ നടത്തിയേക്കുമെന്നാണ് സൂചന.
14 ജില്ല കമ്മിറ്റികളിലേയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയാണ് സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് കേരള കോണ്‍ഗ്രസ് കടന്നിരിക്കുന്നത്. ലയന സമയത്തെ ധാരണ പ്രകാരം ഇതുവരെ 65 ജനറല്‍ സെക്രട്ടറിമാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് 25ആയി വെട്ടിച്ചുരുക്കാനാണ് നിലവിലെ തീരുമാനം. ഉന്നതാധികാര സമിതിയിലും ചില മാറ്റങ്ങള്‍ ഉണ്ടായേക്കും. അങ്ങനെ വന്നാല്‍ ജോസഫ് വിഭാഗവും മാണി വിഭാഗവും പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തിയേക്കും. നിലവില്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളാണ് ജോസഫ് വിഭാഗത്തിന് മേല്‍ക്കയ്യുള്ളത്.
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. നേതൃത്വത്തിലേക്ക് എത്താനുള്ള ജോസ് കെ മാണിയുടെ ശ്രമങ്ങളുടെ ഭാഗമായി പല ജില്ല കമ്മിറ്റികളിലും ചില നീക്കങ്ങള്‍ മാണി വിഭാഗം നടത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കൃത്യമായി ജോസഫ് വിഭാഗം തടയിടുകയും ചെയ്തിട്ടുണ്ട്. ആയതുകൊണ്ട് തന്നെ പാര്‍ട്ടി ചെയര്‍മാന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ചെങ്ങൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചയാകും.




NEWS ONLY

✍🏻 ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ റിമാൻഡിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രതികൾ മജിസ്ട്രേറ്റിന് നൽകിയ മൊഴി.
പറവൂർ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇന്നലെത്തന്നെ പ്രതിഭാഗം ജാമ്യാപേക്ഷ നൽകിയിരുന്നു. ഇന്നലെ വൈകുന്നേരം 6.30 ഓടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സന്തോഷ് ജിതിൻ രാജ് സുമേഷ് എന്നീ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു . തുടർന്ന് ഇവരെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി. കൊലപാതകം ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് റിമാന്റ് റിപ്പോർട്ടിൽ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത ശേഷം ആര്‍ടിഎഫ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചുവെന്നും അടിവയറിനേറ്റ മർദ്ദനം മരണകാരണമായെന്നും മർദ്ദനത്തിന് സാക്ഷികൾ ഉണ്ടെന്നും റിമാന്‍ഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ പ്രതികൾ കുറ്റം നിഷേധിച്ചു.
ശ്രീജിത്തിനെ മർദ്ദിച്ചിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തതെന്നും കുറ്റം തങ്ങളുടെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവർ മജിസ്ട്രേറ്റിന് മൊഴി നൽകി. ഇവരുടെ മൊഴിയും മജിസ്ട്രേറ്റ് രേഖപ്പെടുത്തി. അതേ സമയം അന്വേഷണ സംഘം രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും മെഡിക്കൽ ബോർഡ് രൂപീകരിച്ചത് നിയമ വിധേയമായിട്ടാണെന്നു ഐ ജി എസ് ശ്രീജിത്ത് വ്യക്തമാക്കി.


NEWS ONLY

✍🏻 തൃശൂര്‍ പൂരത്തിനെത്തുന്ന ആനകള്‍ക്ക് മേല്‍ ഇത്തവണ വനം വകുപ്പിന്റെ പ്രത്യേക നിരീക്ഷണം. ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കിയ ശേഷമാണോ പൂരത്തിനെത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വനംവകുപ്പ് പരിശോധിക്കും. നേരത്തെ ഇടഞ്ഞ ആനകളെ, ഇത്തവണ പൂരത്തില്‍ പങ്കെടുപ്പിക്കില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മീഡിയ വണ്ണിനോട് പറഞ്ഞു
തൂശൂര്‍ പൂരത്തിന് പങ്കെടുക്കുന്ന തൊണ്ണൂറ് ആനകളുടെ പേര് വിവരം തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ വനം വകുപ്പിന് നല്‍കിയിട്ടുണ്ട്. ആരോഗ്യ സ്ഥിതിയുള്‍പ്പെടെയുള്ള പതിവ് പരിശോധനങ്ങള്‍ക്ക് പുറമെ കുടുതല്‍ നിരീക്ഷണം ഇത്തവണ ആനകള്‍ക്ക് മേലുണ്ടാകും. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ആനകളുടെ പേര് വിവരം വനംവകുപ്പ് അതാത് ജില്ലകളിലെ വനം വകുപ്പ് ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. പൂരത്തിന് പങ്കെടുക്കുന്നതിന് മുന്‍പായി ആനകള്‍ക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടോ എന്ന് വനംവകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കണം.
*പൂര നഗരിയില്‍ ആനകളെത്തിയാല്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പതിവ് പരിശോധനകളുമുണ്ടാവും. നാല്‍പത് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് വിഭാഗങ്ങളിലായി പരിശോധന നടത്തും. ഈ മാസം 24ന്  വൈകുന്നേരമായിരിക്കും പരിശോധന
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരത്തെ ഇടഞ്ഞ 21 ആനകളുടെ പട്ടിക വനം വകുപ്പ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ ആനകളെ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദേശവുമുണ്ട്.*




NEWS ONLY



✍🏻 ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വൈകുന്നത് മറയാക്കി സർക്കാർ പരിപാടികൾ പ്രചരണ വേദിയാക്കുന്നുവെന്ന് ആരോപണവുമായി യുഡിഎഫ്. ഇതിനോടകം ഭരണാനുമതിയായ പദ്ധതികളുടെ പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നതെന്നാണ് എല്‍ഡിഎഫ് വിശദീകരണം
ഏപ്രിൽ ആദ്യവാരം തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പത്തിൽപരം പദ്ധതികളുടെ ഉദ്ഘാടനമാണ് മണ്ഡലത്തിൽ നടന്നത്. വിജ്ഞാപനം വൈകിയതോടെ വിവിധ വകുപ്പുകളുടെ പൊതുപരിപാടികളും മേളകളും എല്‍ഡിഎഫിന്റെ പ്രചരണ വേദികളാക്കുന്നെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഉദ്യോഗസ്ഥസംവിധാനവും ഔദ്യോഗിക വാഹനങ്ങളും ദുരുപയോഗിക്കുന്നുണ്ടെന്നാണ് യുഡിഎഫ് വാദം.
മുൻ എംഎല്‍എ കെ കെ രാമചന്ദ്രൻ നായരുടെ കാലത്ത് ഭരണാനുമതി ലഭിച്ച പദ്ധതികളുടെ ഉദ്ഘാടനങ്ങളാണ് നടക്കുന്നതെന്നും ഇതിൽ ചട്ടവിരുദ്ധമായതൊന്നുമില്ലെന്നും എല്‍ഡിഎഫ് വിശദീകരിക്കുന്നു.
നേരത്തെ മണ്ഡലത്തിൽ കേന്ദ്ര സർക്കാരിന്റെ പരിപാടികൾ ബിജെപി പ്രചരണത്തിനായി ഉപയോഗിക്കുന്നെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപണവുമായി രംഗത്തെത്തിയിരുന്നു.



NEWS ONLY

✍🏻 ടെലിവിഷന്‍ കാര്‍ട്ടൂണുകള്‍ക്കും വീഡിയോ ഗെയിമുകള്‍ക്കും അടിപ്പെട്ടുപോയിരിക്കുകയാണ് ഇന്നത്തെ കുട്ടികള്‍. ഇവരെ മണ്ണില്‍ കളിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തിരിക്കുകയാണ് ബെല്‍ജിയമ്മില്‍. ഇതിന്‍റെ ഭാഗമായി കുട്ടികളുടെ ചാനലുകള്‍ ഉച്ചകഴിഞ്ഞുള്ള പ്രക്ഷേപണം നിര്‍ത്തിവെച്ചു.
കുട്ടികള്‍ കൂടുതല്‍ സമയവും വീടിനകത്ത് തന്നെ ടെലിവിഷന് മുന്നില്‍ ചെലവഴിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ബ്രസല്‍സില്‍ നിന്നുള്ള മന്ത്രി പാസ്കല്‍ സ്മെറ്റാണ് ഈ ആശയത്തിന് പിന്നില്‍. കുട്ടികള്‍ക്ക് കളിക്കാനും ഉല്ലസിക്കാനും വേണ്ടതെല്ലാം നിരത്തുകളില്‍ ഒരുക്കി. ബെല്‍ജിയത്തിലെ കുട്ടികള്‍ക്കായുള്ള ചാനലുകള്‍ കൂടി ഇതില്‍ പങ്കാളികളായപ്പോള്‍ സംഗതി ഫലം കണ്ടു. ഉച്ചകഴിഞ്ഞ് ചാനലുകളെല്ലാം പ്രക്ഷേപണം നിര്‍ത്തിവെച്ചപ്പോള്‍ കുട്ടികളെല്ലാം മുറ്റത്തേക്കിറങ്ങി... ആര്‍ത്തുല്ലസിച്ചു. പെയിന്‍റിങ്, സൈക്ലിങ് തുടങ്ങി നിരവധി കളികള്‍ കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു. കുട്ടികളുടെ ആനന്ദത്തില്‍ രക്ഷിതാക്കളും പങ്കുചേര്‍ന്നു.



NEWS ONLY

✍🏻 സംസ്ഥാനത്ത് വേനല്‍ കനത്തതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് വര്‍ധനയിലേക്ക്. ഉപയോഗം 7.25ദശലക്ഷം യൂണിറ്റ് വരെ എത്തി. പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടായതിനാല്‍ ആഭ്യന്തര ഉല്‍പാദനത്തില്‍ വര്‍ധനയുണ്ടായി. സ്ഥിതി തുടര്‍ന്നാല്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.
വേനല്‍ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. മാര്‍ച്ച് അവസാനവാരം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 79.25 ദശലക്ഷം യൂണിറ്റ് വരെ എത്തി. കഴിഞ്ഞ വര്‍ഷത്തെ ശരാശരി വൈദ്യുതി ഉപഭോഗം 76 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു. ഏപ്രില്‍ അവസാനത്തോടെ ഇതില്‍ അഞ്ച് ശതമാനം കൂടി വര്‍ധനയുണ്ടാകാനാണ് സാധ്യത എന്ന് വൈദ്യുതി വകുപ്പ് കണക്കുകൂട്ടുന്നു. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗം ഉണ്ടായത് 2016 ഏപ്രില്‍ ‍29 നായിരുന്നു. 80.44 ദശലക്ഷം യൂണിറ്റായിരുന്നു അന്നത്തെ ഉപയോഗം.
സംസ്ഥാനത്തെ ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തിലും അപേക്ഷിച്ച് അധികജലമുണ്ടെങ്കിലും പുറത്ത് നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടാകുന്നത് പ്രതിസന്ധി സൃഷ്ടിച്ചേക്കാം. പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ട് കുറവുണ്ടായതായി കെഎസ്ഇബി കണക്ക് വ്യക്തമാക്കുന്നു. അതിനാല്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്ന ഇടുക്കി മൂലമറ്റം പവര്‍ ഹൌസില്‍ ഇന്നലെ വൈദ്യുതി ഉല്‍പാദനത്തില്‍ കാര്യമായ വര്‍ധനയാണുണ്ടായത്. കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് തുടര്‍ന്നാല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വൈകിട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെ വൈദ്യുതി നിയന്ത്രണമുണ്ടായേക്കും.





NEWS ONLY





✍🏻 ഒരുവിഭാഗം വ്യാപാരികളും കുത്തക കുടിവെളള കമ്പനികളും ചേര്‍ന്ന് കുപ്പിവെളളത്തിന്റെ മറവില്‍ ലാഭക്കൊയ്ത്ത് തുടരുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ന്യായവിലക്ക് കുടിവെളളം ലഭ്യമാക്കി മാതൃകയാവുകയാണ് ജയില്‍വകുപ്പ്. സംസ്ഥാനത്തെ ജയിലുകളോട് ചേര്‍ന്ന ഭക്ഷ്യ വിപണന കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി കുടിവെളളത്തിന് ഈടാക്കുന്നത് വെറും പത്ത് രൂപ മാത്രമാണ്.
കുപ്പിവെളളത്തിന്റെ  വില 12 രൂപയായി കുറക്കുന്നത് സംബന്ധിച്ച് കുപ്പിവെളള നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നതിനും ഏറെ മുന്‍പെ അത് നടപ്പിലാക്കിയത് സംസ്ഥാന ജയില്‍വകുപ്പാണ്. 12 രൂപക്കല്ല, വെറും പത്ത് രൂപക്കാണ് ഒരു ലിറ്റര്‍ കുപ്പിവെളളം ജയില്‍വകുപ്പ് അവരുടെ ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാ സ്ട്രക്‍ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ ഉത്പന്നമായ ക്വില്ലി അക്വാ എന്ന കുപ്പിവെളളമാണ് കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലും എറണാകുളം, കോഴിക്കോട് ജില്ലാ ജയിലിലും ചീമേനി തുറന്ന ജയിലിലുമുളള ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്ത് വരുന്നത്. ഏഴ് രൂപ 29 പൈസക്കാണ് ഒരു ലിറ്റര്‍ വെളളം കമ്പനി ജയില്‍വകുപ്പിന് നല്‍കുന്നത്.
 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്‍റെ അ‍ഞ്ച് വിപണന കേന്ദ്രങ്ങള്‍ വഴി ദിനംപ്രതി എഴുന്നൂറ് ലിറ്റര്‍ കുടിവെളളം വിറ്റ് പോവുന്നുണ്ട്. ഇറിഗേഷന്‍ വകുപ്പിന്റെ കുടിവെളളം ലഭ്യമാകുന്നതിന് മുമ്പ് സ്വകാര്യ  കമ്പനികളുടെ കുപ്പിവെളളവും 10രൂപക്ക് തന്നെയായിരുന്നു ജയില്‍വകുപ്പ് വില്‍പ്പന നടത്തിയിരുന്നത്.








NEWS ONLY

✍🏻 ആഗോള വിപണിയിൽ എണ്ണനിരക്ക്​ ഉയർന്നെങ്കിലും ഉത്പാദനം കുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാൻ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങൾ തീരുമാനിക്കുന്നു. റഷ്യയുമായി ചേർന്ന്​ ഒപെക്​ പ്രതിനിധികളുടെ ജിദ്ദയിൽ ​ചേരുന്ന യോഗവും ഉത്പാദനം കുറക്കാനുള്ള തീരുമാനത്തിൽ തന്നെയാകും ഉറച്ചു നിൽക്കുക.
ആഗോള വിപണിയിൽ എണ്ണവില ബാരലിന്​ 74 ഡോളർ എന്ന നിരക്കിലേക്ക്​ വന്നെങ്കിലും ഉത്പാദനം കുറക്കാനുള്ള തീരുമാനം പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ്​ ഒപെക്​ രാജ്യങ്ങൾ. ഒപെകിതര രാജ്യങ്ങളുമായി ചേർന്ന്​ ഉത്പാദനം കുറച്ച നടപടി വിപണിയിൽ അനുകൂല പ്രതികരണമാണ്​ സൃഷ്ടിച്ചത്​. ഉത്പാദനം നേരത്തെയുള്ള നിലയിലേക്ക്​ കൊണ്ടുവരുന്നത്​ വിപണിയിൽ സന്തുലിതത്വം തകർക്കുമെന്നും ഒപെക്​ രാജ്യങ്ങൾ വിലയിരുത്തുന്നു. റഷ്യയുമായി ചേർന്ന്​ കൂടുതൽ ശക്തമായ സഖ്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യവും വെള്ളിയാഴ്ച ചേരുന്ന ഒപെകിന്‍റെ ജിദ്ദ യോഗത്തിനുണ്ട്​. പോയവർഷം ജനുവരി മുതൽ പ്രതിദിന എണ്ണ ഉത്പാദനത്തിൽ 1.8 ദശലക്ഷം ബാരലിന്‍റെ കുറവാണ്​ ഒപെക്​ വരുത്തിയത്​.
അമേരിക്ക വൻതോതിൽ ഷെൽ ഓയിൽ വിപണിയിൽ എത്തിക്കുന്ന സാഹചര്യം നിലനിൽക്കെ, എണ്ണ ഉത്പാദനം ഉയർത്തുന്നത്​ തിരിച്ചടിയാകുമെന്ന ഉറച്ച ബോധ്യത്തിലാണ്​ ഒപെക്​ രാജ്യങ്ങൾ. അതുകൊണ്ടു തന്നെ അടുത്ത ഒരു വർഷത്തേക്കെങ്കിലും ഉത്പാദന തോതിൽ തത്സ്ഥിതി തുടരണമെന്ന വാദമാണ്​ ഉയരുന്നത്​. പിന്നിട്ട നാലു വർഷത്തിനുള്ളിലെ ഏറ്റവും മികച്ച നിരക്കാണ്​ ഇപ്പോൾ ലഭിക്കുന്നത്​. നിലവിലെ നിരക്ക്​ കുറച്ചു കാലം കൂടി തുടരുകയാണെങ്കിൽ ഗൾഫ്​ രാജ്യങ്ങളും ഇറാനും നേരിടുന്ന ധനകമ്മി എളുപ്പം മറികടക്കാൻ സാധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ​വൈകാതെ തന്നെ ബാരലിന്​ 80​ ഡോളറായി നിരക്ക്​ ഉയരാനും സാധ്യത ഏറെയാണ്​.



NEWS ONLY

✍🏻 സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ ഇറാഖിന്‍റെ വ്യോമാക്രമണം. സിറിയന്‍ സൈന്യവുമായി ചേര്‍ന്നാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയും ആക്രമണം നടത്തുന്നുണ്ട്. ഇറാഖിന്‍റെ സുരക്ഷക്ക് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നും ഇറാഖ് വിശദീകരിക്കുന്നു.
എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് സിറിയന്‍ അതിര്‍ത്തി മേഖലയിലുള്‍പ്പെടെ ഇറാഖിന്‍റെ ആക്രമണം. ഐസിസ് വീണ്ടും ഇറാഖിന് ഭീഷണിയുണ്ടാക്കുന്നതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയുടെ പ്രസ്താവന വന്നതിന് ശേഷമായിരുന്നു ഇത്. ദായിഷ് മേഖല ഉള്‍പ്പെടുന്ന പ്രദേശത്തായിരുന്നു ആക്രമണമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഐഎസിനെതിരെ സമ്പൂര്‍ണ ജയം നേടാനായി എന്ന് അബാദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഐഎസ് സ്വാധീനമുണ്ടെന്നും ഇത് ശക്തിപ്രാപിക്കുന്നുണ്ടെന്നും ഇറാഖ് പറയുന്നു.
സിറിയന്‍ തലസ്ഥാനമായ ദമാസ്ക്കസിലും ഐഎസിന്‍റെ സാന്നിധ്യമുണ്ട്. അമേരിക്ക, ഫ്രാന്‍സ് എന്നിവരുടെ ഭാഗത്ത് നിന്ന് ഐഎസിനെതിരായ പോരാട്ടത്തില്‍ ശക്തമായ പിന്തുണയാണ് ഇറാഖിന് ലഭിക്കുന്നത്. കൂടാതെ സിറിയന്‍ സര്‍ക്കാരും ഇറാഖ് സൈന്യത്തിനാവശ്യമായ പിന്തുണ നല്‍കുന്നു. റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുമായി ഇറാഖിന് മികച്ച ബന്ധമാണുള്ളത്. ഇതിനിടെ സിറിയയില്‍ വിമതനിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ അസദ് സര്‍ക്കാര്‍ നടപടി ശക്തമാക്കി. സമീപദിവസങ്ങളില്‍ വിമതര്‍ക്ക് മുകളില്‍ നേടിയ ആധിപത്യത്തിന്‍റെ ചുവടുപിടിച്ചാണ് സൈന്യത്തിന്‍റെ നീക്കം.



Special
NEWS ONLY

✍🏻 കാലാസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ എന്നും ആശങ്കകളോടെയാണ് നമ്മള്‍ നോക്കികാണാറുള്ളത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനത്തെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്യുകയാണ് ഫ്രാന്‍സിലെ ജനങ്ങള്‍. അമിതമായ തണുപ്പ് മൂലം പുറത്തിറങ്ങാന്‍ മടിച്ചിരുന്ന പലരും ഇപ്പോള്‍ വെയിലുകായാനായി മാത്രം പുറത്ത് സമയം ചെലവിടുകയാണ്.
അറ്റ്‍ലാന്‍റിക് സമുദ്രത്തോടു ചേര്‍ന്ന ഫ്രാൻസിൻറെ സ്ഥാനം അതിന്‍റെ കാലാവസ്ഥയെ വലിയ അളവിലാണ് സ്വാധീനിക്കുന്നത്. യൂറോപ്പിലെ മറ്റ് രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി മിതമായ ഒരു മിതശീതോഷ്ണ കാലാവസ്ഥയാണ് പൊതുവില്‍ ഫ്രാന്‍സിലേത്. ശൈത്യകാലത്ത് 5 ഡ്രിഗ്രി സെല്‍ഷ്യസില്‍ വരെ താഴുന്ന താപനില വേനൽക്കാലത്ത് പോലും പരമാവധി 25 ഡിഗ്രി സെല്‍ഷ്യസില്‍ വരെയാണ് എത്താറുള്ളത്. എന്നാല്‍ ഇത്തവണത്തെ വസന്തകാലത്തിനു മുന്നോടി ആയാണ് കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉണ്ടായ താപനിലയിലെ വര്‍ധനവ് ആഹ്ലാദത്തോടെയാണ് ഇപ്പോള്‍ ഫ്രാന്‍സിലെ ജനങ്ങള്‍ ആസ്വദിക്കുന്നത്. തണുപ്പിനെ പേടിച്ച് മുന്‍പ് ഭൂരിഭാഗം സമയവും ഓഫീസുകളിലും വീടുകളിലുമായി കഴിച്ചു കൂട്ടിയിരുന്ന പലരുമിപ്പോള്‍ വെയിലു കായാനായി മാത്രം പുറത്ത് സമയം ചെലവിടുകയാണ് രാജ്യത്തെങ്ങും. തലസ്ഥാന നഗരമായ പാരിസിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പാര്‍ക്കുകളിലുമാണ് ഇത്തരത്തില്‍ വെയിലേല്‍ക്കാനായി നിരവധിയാളുകളെത്തുന്നത്.
പാരീസില്‍ 28 ഡ്രിഗ്രി വരെ ചൂടാണ് ഇത്തവണ കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയത്. സാധാരണയായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് രാജ്യത്ത് താപനില പരമാവധി വര്‍ധിക്കുന്നത്. എന്നാല്‍ ഇക്കാലയളവില്‍ പോലും 25 ഡിഗ്രിവരെ ചൂടാണ് പരമാവധി ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 22 വരെയെങ്കിലും ഇതേ താപനില തുടരുമെന്നാണ് കാലാസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. ഏതായാലും കാലാവസ്ഥാ വ്യതിയാനങ്ങളെയോര്‍ത്ത് മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ ആശങ്കപ്പെടുമ്പോഴാണ്, ഫ്രഞ്ചുകാര്‍ ആഹ്ലാദത്തോടെ ഉഷ്ണകാലത്തെ സ്വാഗതം ചെയ്യുന്നത്.

Redmi Note 5 Pro (64GB) (4GB RAM) (Gold)

Redmi Note 5 Pro (64GB) (4GB RAM) (Gold) With a wide screen display of 15.2 cm (5.99") and a 4 GB RAM memory, t...